തൊഴിൽ റിക്രൂട്മെന്റിന്റെ മറവിൽ ഇന്ത്യൻ യുവതികളെ വിദേശത്തു കൊണ്ടു പോയി വിൽപന നടത്തിയെന്ന കേസിൽ എറണാകുളം രവിപുരത്തെ സ്വകാര്യ
സ്ഥാപനത്തിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെളിവു ശേഖരണം തുടങ്ങി.
സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. പ്രതികളുടെ ഐഎസ്ബ ന്ധത്തെപ്പറ്റി പരാതിയിൽ പരാമർശമുള്ള സാഹചര്യത്തിലാണു സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ എൻഐഎ ശ്രമം തുടങ്ങിയത്. വിദേശത്തു കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണു (ഗാസലി) മനുഷ്യക്കടത്ത് റാക്കറ്റിന്റെ തലവനെന്ന്ഇ വരിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനി പൊലീസിനു മൊഴി നൽകി.
എറണാകുളം ഷേണായിസ് ജംക്ഷനിൽ താമസിക്കുന്ന അജുമോനാണ് കേരളത്തിൽ നിന്നു യുവതികളെ റിക്രൂട്ട് ചെയ്യുന്നതെന്നും മൊഴിയിലുണ്ട് . അജുമോനെ പോലെ മറ്റു സംസ്ഥാനങ്ങളിലും മജീദിന് ഏജന്റുമാർ ഉണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന സൂചന.കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കു മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു പരാതിക്കാരിയായ യുവതിയെ സംഘം കുവൈത്തിൽ എത്തിച്ചത്. അവിടെയെത്തിയ ശേഷം 9.50 ലക്ഷം രൂപയ്ക്ക് വിദേശി കുടുംബത്തിനു വിറ്റതായാണ് പരാതി. ശമ്പളം നൽകാതെ രാവിലെ മുതൽ അർധരാത്രി വരെ ജോലി ചെയ്യിക്കാൻ തുടങ്ങിയപ്പോഴാണു കാര്യങ്ങൾ മനസ്സിലാക്കിയതെന്നു പരാതിക്കാരി പറയുന്നു. വിവരം നാട്ടിലുള്ള ഭർത്താവിനെ അറിയിച്ചു.
പ്രശ്നം പറഞ്ഞപ്പോൾ യുവതിയെ നാട്ടിലെത്തിക്കാൻ 3.50 ലക്ഷം രൂപ നൽകണമെന്ന് അജുമോനും മജീദും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ യുവതികളെ സിറിയയിലെ ഐഎസ് ക്യാംപിൽ വിൽക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇന്ത്യയിൽ നിന്നു മറ്റു യുവതികളെ ഇതേ സംഘം ഐഎസ്
ക്യാംപിൽ എത്തിച്ചിട്ടുണ്ടോയെന്ന് എൻഐഎ പരിശോധിക്കുന്നു.
ചതിയിൽ പെട്ട 3 യുവതികളെ കുവൈത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മോചിപ്പിച്ചു നാട്ടിലെത്തിച്ചപ്പോഴാണു റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിനു ലഭിച്ചത്.
മുഖ്യകണ്ണിയായ മജീദിനെ കണ്ടെത്താൻ എംബസിയുടെ സഹായത്തോടെ എൻഐഎ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ ധാരാളം പെൺകുട്ടികൾ ചതിയിൽ പെട്ടതായി സംശയിക്കുന്നു.
Christian Association and Alliance for Social Action