രണ്ട് സഹസ്രാബ്ദങ്ങൾക്കടുത്ത ചരിത്രമുള്ള കത്തോലിക്കാ സഭയെ കഴിയുമ്പോഴെല്ലാം ഇകഴ്ത്തി ചിത്രീകരിക്കാനും അവഹേളിക്കാനും, സഭയുടെ സാമൂഹിക പ്രതിബദ്ധതയെയും ഭാരതചരിത്രത്തിലെ സ്ഥാനത്തേയും തമസ്കരിക്കാനും എക്കാലവും ശ്രമിച്ചിട്ടുള്ള ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഈ ദിവസങ്ങളിൽ ചർച്ചയായ “കേസരി” വാരികയിലൂടെ ഒരിക്കൽക്കൂടി വെളിപ്പെടുന്നത്. ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂൺ 10 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തിൽ കത്തോലിക്കാ സഭയെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചരിത്ര നിർമ്മിതികൾ, അട്ടിമറികൾ, വളച്ചൊടിക്കലുകൾ എന്നിങ്ങനെ ആരോപണങ്ങളുടെ നീണ്ട നിരയാണ് ലേഖനകർത്താവ് ഉയർത്തുന്നത്. കത്തോലിക്കാ സഭയിലെ വിശുദ്ധ പദവി പ്രഖ്യാപനം മുതൽ, മദർ തെരേസ വരെ നിശിതമായി വിമർശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മദർതെരേസയുടെ കാര്യത്തിൽ ചരിത്ര നിർമ്മിതി നടത്തിയ കത്തോലിക്കാ സഭ ദേവസഹായം പിള്ള ഉൾപ്പെടെയുള്ള മറ്റു പലരുടെയും കാര്യത്തിലും ഇപ്രകാരമാണ് ചെയ്തിട്ടുള്ളതെന്ന് ലേഖകൻ ആരോപിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കത്തോലിക്കാ സഭയുടെ നിലപാടുകളെയും രീതികളെയും പ്രവർത്തനങ്ങളെയും അടച്ചാക്ഷേപിക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം.
ആധുനികലോകത്തിൽ ഏറ്റവും മികച്ചതും മാതൃകാപരവുമായ രീതിയിൽ ചരിത്രത്തെയും സാഹചര്യങ്ങളെയും സമീപിക്കുകയും പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും ക്രിയാത്മക ഇടപെടലുകൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന കുറ്റമറ്റ സംവിധാനങ്ങളാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. എപ്രകാരമാണ് ഇത്തരം വിഷയങ്ങളെ കത്തോലിക്കാ സഭ സമീപിക്കുന്നതെന്നും, എന്തുകൊണ്ടാണ് സഭയുടെ നിലപാടുകൾ ലോകത്തിന് സ്വീകാര്യമായിരിക്കുന്നതെന്നും അവ വിലമതിക്കപ്പെടുന്നതെന്നുമുള്ള നിരീക്ഷണത്തിന്റെ അഭാവമോ അഥവാ തമസ്കരണമോ ഇത്തരം ആഖ്യാനങ്ങളിൽ എക്കാലവും പ്രകടമാണ്. ശത്രുസ്ഥാനത്ത് നിർത്തി തങ്ങളുടെ അണികളിൽ കത്തോലിക്കാ വിശ്വാസികളോട് വിരോധം ജനിപ്പിക്കാനുള്ള ഗൂഢ ശ്രമം മുമ്പ് പലപ്പോഴും എന്നതുപോലെ, കേരളത്തിലെ പ്രമുഖ സംഘപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന “കേസരി” വാരികയിലെ ഈ ലേഖനത്തിലും തുടരുന്നുണ്ട്. ബിജെപി – ആർഎസ്എസ് നേതൃതലങ്ങളിൽനിന്നും ക്രൈസ്തവരും കത്തോലിക്കാ സഭയുമായും സൗഹാർദ്ദം ആഗ്രഹിക്കുന്നു എന്ന നിലയ്ക്കുള്ള പ്രചാരണങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾതന്നെ മറുവശത്ത് ഇത്തരത്തിലുള്ള കടുത്ത വിദ്വേഷ പ്രചാരണങ്ങൾ നിർബ്ബാധം തുടരുന്നു. അതിനാൽ, ഇത്തരം സംഘടനകളും അവയുടെ നേതൃത്വവും ആത്മാർത്ഥമായി സാമുദായിക – സാമൂഹിക സൗഹാർദ്ദം ആഗ്രഹിക്കുന്നുണ്ടോ എന്ന സംശയം ന്യായമാണ്.
ഇന്ത്യയിലെ ഇന്നത്തെ സാഹചര്യങ്ങൾ
കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളത് ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ്. വംശീയവും വർഗ്ഗീയവുമായ വ്യാജപ്രചരണങ്ങളും അതിന്റെ തുടർച്ചയായ ആക്രമണ ആഹ്വാനങ്ങളും വിവിധ സംസ്ഥാനങ്ങളെ എത്രമാത്രം കലാപ കലുഷിതമാക്കി മാറ്റിയിരിക്കുന്നു എന്നുള്ളത് നാം കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകവും, കണ്ഡമാൽ കലാപവും, സമീപ നാളുകളിൽ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ ഒട്ടനവധി അക്രമ സംഭവങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ക്രൈസ്തവ സന്യസ്തർക്ക് തങ്ങളുടെ സന്യാസ വസ്ത്രം ധരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാത്ത സാഹചര്യം ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇന്ന് നിലനിൽക്കുന്നെങ്കിൽ അതിനുള്ള കാരണവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിൽ ആർഎസ്എസ് അനുബന്ധ സംഘടനകളാണെന്നുള്ളത് വ്യക്തമാണ്.
ഇന്ത്യയിലെമ്പാടും പാവപ്പെട്ടവർക്കുവേണ്ടി നിസ്വാർത്ഥ സേവനം നടത്തിവരുന്ന ഒട്ടേറെ കത്തോലിക്കാ സ്ഥാപനങ്ങളെയും അതിന്റെ ഭാഗമായ പതിനായിരങ്ങളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. മതപരിവർത്തനം എന്ന ആരോപണം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നവർ, കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യയെക്കുറിച്ച് നിശ്ശബ്ദരാണ്. സ്വമനസാൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകുന്ന പക്ഷം മാത്രം കത്തോലിക്കാ സമൂഹത്തിലേക്ക് ആ വ്യക്തിയെ സ്വാഗതം ചെയ്യുക എന്ന ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനപ്പുറം മറ്റൊരു നിലപാടും സ്വാർത്ഥ താൽപ്പര്യങ്ങളും കത്തോലിക്കാ സഭയ്ക്ക് ഇല്ല. വസ്തുതകൾ ഇപ്രകാരമായിരിക്കെ, കത്തോലിക്കാ മിഷനറിമാരെക്കുറിച്ച് എക്കാലവും ചില വർഗ്ഗീയ സംഘടനകൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണം മതപരിവർത്തനമാണ്.
തുടർച്ചയായ വർഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയും, തെറ്റിദ്ധാരണകളും മനസുകളിൽ നിറച്ച് ശത്രുതാമനോഭാവം വളർത്തി അനേകം ദേശങ്ങളെ കലാപ ഭൂമിയാക്കി മാറ്റിയ അതേ പ്രവർത്തന രീതിയാണ് ഒരുവശത്ത് കേരളത്തിലും സംഘപരിവാർ സംഘടനകൾ അനുവർത്തിച്ചുവരുന്നതെന്ന് വ്യക്തമാണ്. ഒരു പതിറ്റാണ്ടിന് മുമ്പില്ലാതിരുന്ന വിദ്വേഷ ചിന്തകൾ ഇന്നത്തെ കേരളത്തിൽ നിറഞ്ഞിരിക്കുന്നു. പരസ്പരമുള്ള വിദ്വേഷ പ്രചരണങ്ങളും വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും അവസാനിപ്പിക്കാത്ത പക്ഷം ഇപ്പോഴുള്ള സാമൂഹിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനാവില്ല. വർഗ്ഗീയ ചിന്തകളെ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങൾ ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്നവരല്ല, മറിച്ച്, അശാന്തിയിൽനിന്ന് വിളവെടുപ്പുകൾ നടത്താൻ ആഗ്രഹിക്കുന്നവരാണ് എന്ന് പൊതുസമൂഹം തിരിച്ചറിയണം.
KCBC
Christian Association and Alliance for Social Action