നമ്മുടെ സ്കൂൾ വിദ്യാഭ്യാസം തീവ്ര മത വിദ്വേഷത്തിന് പരിശീലനം നൽകുന്നുണ്ടോ? അതോ ഏതെങ്കിലും പ്രത്യേകതരം മത വിദ്യാഭ്യാസമാണോ ഇതര മതസ്ഥരെ കൊല്ലണം എന്നു കുട്ടികളെ പഠിപ്പിക്കുന്നത്? അതോ കുടുംബത്തിൽ നിന്നാണോ അവർക്ക് ഇതിനുള്ള പരിശീലനവും പ്രോത്സാഹനവും ലഭിക്കുന്നത്? അതുമല്ലെങ്കിൽ, ഇന്നു സംസ്ഥാനത്തു നിലനിൽക്കുന്ന പൊതു ബോധം ഇതര മതസ്ഥരുടെ കൊലപാതകത്തെ ആദർശവൽക്കരിക്കുന്നതാണോ?
അടുത്ത കാലത്ത്, ഉന്നത മത വിദ്യാഭ്യാസം നേടി പുറത്തുവന്ന അഷ്കർ അലിയെന്ന ഹുദവി ബിരുദധാരി തുറന്നു പറഞ്ഞതുപോലെ, മത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാനവ വിരുദ്ധവും രാഷ്ട്ര വിരുദ്ധവുമായ ആശയങ്ങൾ പഠിതാകളിൽ കുത്തിവയ്ക്കപ്പെടുന്നുണ്ട് എന്നു നമ്മൾ വിശ്വസിക്കണമോ? അതിന്റെ ഉദാഹരണമാണോ ആലപ്പുഴയിൽ പ്രത്യക്ഷമായത്?
“കുട്ടി വിളിച്ച മുദ്രാവാക്യത്തിൽ പുതുതായി ഒന്നുമില്ല, ഇതൊക്കെ ഇവിടെ പൊതു സ്വീകാര്യമായ മുദ്രാവാക്യങ്ങളും ആശയഗതികളുമാണ്, ഇതിനു മുൻപും ഇതേ ആശയങ്ങൾ കുട്ടി മുദ്രാവാക്യമായി ഉയർത്തിയിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇപ്പോൾ എങ്ങിനെ ഉണ്ടായി” എന്ന കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകളിൽനിന്ന് എന്താണ് വായിച്ചെടുക്കേണ്ടത്? ആരാണ് ഇത്തരം ആശയ ഗതികൾക്ക് സ്വീകാര്യതയും പ്രോത്സാഹനങ്ങളും നൽകി, കുരുന്നു ബാല്യങ്ങളെ മരണ സംസ്കാരത്തിന്റെ വക്താക്കളാക്കി വളർത്തിക്കൊണ്ടു വരുന്നത്?
കേന്ദ്രം ഭരിക്കുന്നതു ബി ജെ പിയും കേരളം ഭരിക്കുന്നതു സി പി എം നേതൃത്വം നൽകുന്ന ഇടതു സർക്കാരുമാണ്. ഇവരിൽ ആരാണ് ഇതിനു മറുപടി പറയുക? കേരളത്തിലെയും കേന്ദ്രത്തിലെയും പ്രധാന പ്രതിപക്ഷം കോണ്ഗ്രസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ സഖ്യങ്ങളാണ്. അവർക്ക് ഇക്കാര്യത്തിൽ എന്തു നിലപാടാണ് ഉള്ളത്?
കുട്ടികളെ ഭീകര പ്രവർത്തനങ്ങൾക്കും മത തീവ്രവാദ പ്രവർത്തനങ്ങൾക്കും പരിശീലിപ്പിക്കുന്ന ഭീകര പ്രസ്ഥാനങ്ങളുടെ വിശദമായ റിപ്പോർട്ടുകൾ ഇന്ന് അന്താരാഷ്ട്ര തലത്തിൽത്തന്നെ ലഭ്യമാണ്. യുനെസ്കോ നേതൃത്വം നൽകി പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടുകൾതന്നെ ഓൺലൈൻ മാധ്യമങ്ങളിലടക്കം ലഭ്യമാണ്. ഇത്തരം റിപ്പോർട്ടുകളിൽനിന്ന് കേരളം ഏതു വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു കൃത്യമായി വായിച്ചെടുക്കാൻ കഴിയും.
ഉത്തരവാദപ്പെട്ട നിയമ സംവിധാനങ്ങളും പോലീസ് അധികാരികളും രാഷ്ട്രീയ നേതൃത്വവും ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ, ഇത്തരം അനേകം കുരുന്നു ബാല്യങ്ങൾ ഐഎസ് ഐഎസ് മാതൃകയിൽ കുട്ടികളെ തീവ്രവാദ – ഭീകര വാദ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. നീതിപീഠം പോലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.
ന്യായാധിപൻമാരുടെ അടിവസ്ത്രത്തിന്റെ നിറം പരിശോധിക്കണമെന്ന് പറയുന്ന ചില പ്രത്യേകതരം നേതാക്കൾ വ്യക്തമായ സൂചനകളാണ് നൽകുന്നത്: കേരളം പോകുന്നത് അപകടകരമായ ദിശയിലേക്കാണ്. ജുഡീഷ്യറി പോലും ചോദ്യം ചെയ്യപ്പെടുന്നു! തടയിടേണ്ടത് ഭരണാധികാരികളാണ്.
നിസ്സാരമായ ഒരു പ്രശ്നത്തെയല്ല, അത്യന്തം ആപത്കരമായ ഒരു ഭാവി ഭാവിഷ്യത്തിനെയാണ് ഭരണകൂടത്തിനു നേരിടാനുള്ളത്. സർക്കാരും പൊതു സമൂഹവും നിയമ സംവിധാനങ്ങളും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ നിലപാടെടുക്കേണ്ടത് ഈ നാടിന്റെ നിലനിൽപ്പിനും ഭാവി പുരോഗതിക്കും അനിവാര്യമാണ്.
നാടിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, സാമൂഹ്യ സമാധാനം ഉറപ്പാക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
ഫാ. വർഗ്ഗീസ് വള്ളിക്കാട്ട്