വേരും മൂടും മറക്കുക എന്നൊരു ചൊല്ലുണ്ട്. ചരിത്രത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങളില്ലാത്ത ഒരു സമൂഹത്തിനും നിലനിൽപില്ല. തങ്ങളുടെ സ്വത്വം എന്തെന്നോ അനന്യത എന്തെന്നോ അറിവില്ലാത്ത ഒരു സമുദായത്തിന് കേരളത്തിലേതു പോലെയുള്ള സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെ നിലനിൽക്കാൻ സാധിക്കും? വേരും മൂടും അറ്റുപോയ വൃക്ഷം, അത് എത്ര ഇലക്കൊഴുപ്പുള്ള വടവൃക്ഷമാണെങ്കിലും കടപുഴകി വീഴും.
ചരിത്രത്തെക്കുറിച്ച് നമുക്ക് യാതൊരു ബോധവും ഇല്ലന്നെതിൻ്റെ തെളിവാണ്, പാഠപുസ്തകങ്ങളിൽ കേരളത്തിലെ നവോത്ഥാന നായകൻമാരുടെ പട്ടികയിൽ നിന്ന് ചാവറയച്ചനെ എടുത്തു മാറ്റിയിട്ട് പത്തുകൊല്ലം കഴിഞ്ഞാണ് അത് നമ്മൾ അറിഞ്ഞതെന്നുള്ളത്. പള്ളിക്കൂടം തുടങ്ങിയവൻ തന്നെ പാഠപുസ്തകങ്ങളിൽ നിന്ന് പുറത്തായി.
ചാവറയച്ചൻ നവോത്ഥാന നായകനായിരുന്നു എന്ന കാര്യം എത്ര ക്രിസ്ത്യാനികൾക്കറിയാമായിരുന്നു എന്നതുതന്നെ അന്വേഷിക്കേണ്ടിയിരിക്കുന്നു. ചാവറയച്ചനെ ക്രിസ്ത്യാനികൾ ശ്രദ്ധിക്കാൻ തുടങ്ങിയതുതന്നെ അദ്ദേഹം വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖാപിക്കപ്പെട്ട സമയം മുതലാണ്, അല്ലെങ്കിൽ അതു കൊണ്ടുമാത്രമാണ്. വിശുദ്ധരോടുള്ള വണക്കം സഭയിൽ വളരെ പ്രാധാന്യമുള്ളതും ഉചിതവുമായ കാര്യമാണ്. എന്നാൽ അതുമാത്രം മതിയോ? വിശുദ്ധ പദവിയിലെത്താത്ത എത്രയെത്ര ചരിത്ര വ്യക്തിത്വങ്ങളും സാംസ്കാരിക നായകൻമാരും സമുദായനേതാക്കളും സഭയിലുണ്ട്. വിശുദ്ധർ നമുക്ക് സ്വർഗത്തിലേക്കുള്ള വഴികാട്ടിത്തന്നുവെങ്കിൽ ഇവരൊക്കെ ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ വഴിവെട്ടിത്തന്നവരാണ്. അവരെയൊക്കെ ആരാണ് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത്?
ഹാഗിയ സോഫിയ എന്ന പൗരാണിക പള്ളി ഇസ്ലാമിസ്റ്റുകൾ കയ്യേറി മോസ്ക് ആക്കുകയായിരുന്നുവെന്ന ചരിത്രസത്യം എത്രപേർക്കറിയാം. ഏഴാം ക്ലാസിലെ കേര പാഠാവലി വായിച്ചാൽ ഇത് മുസ്ലിങ്ങൾ നിർമ്മിച്ച സൗധമാണെന്ന് തോന്നിപ്പോകും. ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും കുത്തക അറബികൾക്കാണെന്നാണ് കേരളാ സിലബസ് പറഞ്ഞുവയ്ക്കുന്നത്. എന്നാൽ, നളന്ദ സർവകലാശാല പോലെയുള്ള പൗരാണിക ലോകത്തെ വൈജ്ഞാനിക കേന്ദ്രങ്ങൾ നശിപ്പിച്ചതുമുതൽ വിദ്യാഭ്യാസത്തിനെതിരെ ഇന്നും പ്രവർത്തിക്കുന്ന താലിബാൻ, ബൊക്കോഹറാം പോലെയുള്ള തീവ്രവാദ സംഘടനകൾ ലോകത്തിൻ്റെ വിജ്ഞാനദീപങ്ങളെ ഊതിക്കെടുത്തുന്നതിനെക്കുറിച്ച് ഈ പാഠപുസ്തകങ്ങൾക്ക് ഒന്നും പറയാനില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മറകെട്ടി വേർതിരിച്ച് ക്ലാസുകൾ നടത്തുന്നവർത്തന്നെ വിദ്യാഭ്യാസത്തിൻ്റെയും സ്ത്രീസ്വാതന്ത്ര്യത്തിൻ്റെയും കുത്തക അവകാശപ്പെടുന്ന വിരോധാഭാസമാണ് കേരള പാഠാവലിയിലുള്ളത്. വിദ്യാർത്ഥികളെ പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രങ്ങൾ പഠിപ്പിക്കുമ്പോൾ അവ തിരിച്ചറിയാൻ പോലും നമുക്ക് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്.
ചരിത്രം മറക്കുന്നതുവഴി നമ്മുടെ പൗരാണികത കൈവെടിയുന്നു അഥവാ നമ്മുടെ സംഭാവനകൾ തമസ്കരിക്കപ്പെടുന്നു എന്നു മാത്രമല്ല നമ്മൾ തെറ്റായ ചരിത്ര നിർമ്മിതിയുടെ ഇരകളായിത്തീരുകയും ചെയ്യുന്നു. കത്തോലിക്കർ ഇപ്പോൾ തന്നെ കപടചരിത്ര നിർമിതിയുടെ ഇരകളാണ്. കത്തോലിക്കാ സഭയോട് വിരോധമുണ്ടായിരുന്ന ആംഗ്ലിക്കൻസ് കുരിശുയുദ്ധങ്ങളെക്കുറിച്ചും മദ്ധ്യകാല സഭയെക്കുറിച്ചും മറ്റും അൽപജ്ഞാനങ്ങളും അർദ്ധസത്യങ്ങളും നിറം പിടിപ്പിച്ച കൽപിതകഥകളായി എഴുതിപിടിപ്പിച്ചത് പാണൻപാട്ടുപോലെ ഇന്ന് ലോകം ഏറ്റു പാടുകയാണ്. നമ്മളും ആ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷുകാരൻ ലോകം മുഴുവൻ കീഴടക്കി കോളനിവത്കരിച്ചു, അവൻ്റെ ഭാഷ ലോകഭാഷയായതോടൊപ്പം അവൻ്റെ ചരിത്രവീക്ഷണങ്ങളും അവയിലെ വികലതകളും ലോകചരിത്രമായി മാറി. ഇംഗ്ലീഷ് പൊതുവെ പലർക്കും അറിയാവുന്നതുകൊണ്ട് ബ്രിട്ടീഷുകാരെഴുതിയ ചരിത്ര പുസ്തകങ്ങൾ വായിച്ച് അവയാണ് യാഥാർത്ഥ്യം എന്ന് സമൂഹം തെറ്റിധരിച്ചു. എന്നാൽ പ്രമുഖ കത്തോലിക്കാ രാജ്യങ്ങളുടെ ഭാഷകളായ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, പോർട്ടുഗീസ് എന്നിവ നമ്മുടെ പ്രദേശങ്ങളിൽ വേണ്ടത്ര പ്രചരിക്കാതിരുന്നതുകൊണ്ട് നമുക്ക് ഇവയിലുള്ള ചരിത്രരേഖകൾ വായിക്കാൻ വേണ്ടത്ര അവസരം ലഭിച്ചില്ല. വിവർത്തനങ്ങളിലൂടെ ഈ പരിമിതി മറികടക്കാൻ നമ്മൾ ശ്രദ്ധിച്ചതുമില്ല. യഥാർത്ഥ കത്തോലിക്കാ ചരിത്രത്തിൻ്റെ തിരസ്കരണമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന അനാവശ്യ വിമർശനങ്ങൾക്ക് കാരണം.
ഒരു കാലത്ത് ആഗ്ലിക്കൻസും മറ്റുമായിരുന്നു കത്തോലിക്കാസഭയ്ക്കെതിരായ ചരിത്രങ്ങൾ ചമച്ചിരുന്നതെങ്കിൽ ഇന്ന് കപടചരിത്ര നിർമ്മിതിയുടെ കുത്തക ഇസ്ലാമിസ്റ്റുകൾ ഏറ്റെടുത്തിരിക്കുകയാണ്. സ്കൂൾ, കോളേജ് തലത്തിൽ സാമൂഹിക – ചരിത്ര പാഠപുസ്തകങ്ങളുടെ ആദ്യ പേജുകൾ പരിശോധിച്ചാൽ, എന്തുകൊണ്ട് ചാവറയച്ചന്മാർ ഒഴിവാക്കപ്പെടുകയും കുരിശുദ്ധങ്ങൾ വികലമായി വിവരിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ കാരണം മനസിലാകും.
ചരിത്രം പഠിക്കണമെന്നും തലമുറകളെ പഠിപ്പിക്കണമെന്നും ദൈവം തന്നെ ബൈബിളിലൂടെ പഠിപ്പിച്ചിട്ടുള്ളതാണ്.
പെസഹാ ആചരിക്കുന്നത് എന്തിനെന്ന് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ അവരോട് ഈജിപ്തിൽ നിന്ന് ദൈവം രക്ഷിച്ച ചരിത്രം പറഞ്ഞുകൊടുക്കണം. (Ref.പുറപ്പാട് 12:21-27)
ജോർദാൻ്റെ അടിത്തട്ടിൽ നിന്ന് കല്ലെടുത്ത് സൂക്ഷിക്കണം. അതുകണ്ട് മക്കൾ ഇതെന്ത് എന്ന് ചോദിക്കുമ്പോൾ അവരോട് രക്ഷാകര ചരിത്രം വിവരിക്കണം. (Ref. ജോഷ്വ 4:3-7)
നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ, സുവിശേഷം പ്രഘോഷിക്കുവിൻ എന്നിങ്ങനെ, ദൈവം നൽകിയ രണ്ട് പ്രധാന ദൗത്യങ്ങൾ മാറ്റിവച്ച കൂട്ടത്തിൽ ചരിത്രബോധമുള്ളവരാകുവിൻ എന്ന കൽപനയും നമ്മൾ മാറ്റിവച്ചു. ഒരു ന്യുനപക്ഷമെന്ന നിലയിൽ നമ്മുടെ സംസ്കാരവും സ്വത്വവും സംരക്ഷിക്കുന്നതിനായി ഭരണഘടന നമുക്ക് നൽകിയ അവകാശങ്ങൾ പോലും ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നാം വീഴ്ച വരുത്തി. എവിടെയും ഒഴിവാക്കപ്പെടാനും അന്യായമായി വിമർശിക്കപ്പെടാനും മാത്രമായി ക്രൈസ്തവ സമൂഹം പാർശ്വ വൽക്കരിക്കപ്പെട്ടു കഴിഞ്ഞു.നമുക്ക് നമ്മെക്കുറിച്ച് ബോധ്യമുണ്ടായില്ലെങ്കിൽ നമ്മുടെ ബോധ്യങ്ങളെ മറ്റുള്ളവർ നിയന്ത്രിക്കുമെന്ന് തിരിച്ചറിയാൻ നമുക്ക് ഇനിയും വൈകിക്കൂടാ.
ഫാ. ജയിംസ് കൊക്കാവയലിൽ
For Primary Information please Read
Role of Christianity in civilization
https://en.wikipedia.org/…/Role_of_Christianity_in
Christian Association and Alliance for Social Action