ഫാ.മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്.
പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ!
ഒരു സർക്കാരിന്റെ പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നുള്ളതിനാവണം. ലോകത്ത് ഏത് സർക്കാരും അടിസ്ഥാനപരമായി സ്വീകരിക്കുന്ന നിലപാടാണത്. സ്വാഭാവികമായും, സുരക്ഷിതത്വം കുറവുള്ളവർക്കാണ് അതിൽത്തന്നെ പ്രഥമ പരിഗണന നൽകേണ്ടതും. ദുർബ്ബലരായവർ, വിവിധ വെല്ലുവിളികളെ നേരിടുന്നവർ, അനാഥരായവർ , ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങൾ എന്നിങ്ങനെയുള്ള ഒരു ഗണമാണ് ഏത് സമൂഹത്തിലും സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവുമധികം ആശങ്കയുള്ളവർ. ആരുടെയെങ്കിലും സഹായവും പരിപാലനയും ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരായിരിക്കും അവരിൽ ബഹുഭൂരിപക്ഷവും. അതിനാൽത്തന്നെ, ഏതെങ്കിലും അഭയസങ്കേതങ്ങളിലായിരിക്കും അത്തരക്കാരുണ്ടായിരിക്കുക. ഈ കൂട്ടർ കേരളത്തിൽ എവിടെയാണെന്ന് നോക്കാം.
ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന 1800ൽപ്പരം സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഒരുലക്ഷത്തിലേറെപ്പേർ അത്തരം സ്ഥാപനങ്ങളിൽ കഴിയുന്നുണ്ട് എന്നാണ് കണക്കുകൾ. ആരാണ് ഈ സ്ഥാപനങ്ങൾ നടത്തുന്നത്? 80 ശതമാനത്തോളം സ്ഥാപനങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണകളിലും പാതയോരത്തും രോഗികളായി കഴിഞ്ഞിരുന്നവരെ, അവരുടെ രൂപഭാവങ്ങളോ, മതവിശ്വാസമോ, മറ്റു പശ്ചാത്തലങ്ങളോ പരിഗണിക്കാതെ മനുഷ്യനായി മാത്രംകണ്ട് മാന്യമായ ജീവിതാന്തരീക്ഷത്തിൽ ശുശ്രൂഷിക്കുകയാണ് അത്തരം സ്ഥാപനങ്ങളിലെല്ലാം ചെയ്തുവരുന്നത്. മനസികരോഗികളും, വൃദ്ധരും, വിവിധ മാരക രോഗങ്ങൾക്ക് അടിപ്പെട്ട് അവശത അനുഭവിക്കുന്നവരും തുടങ്ങി സാധാരണക്കാരായ ആർക്കെങ്കിലും ശുശ്രൂഷിക്കാൻ കഴിയാത്തവരാണ് ആ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ ഏറെയും. ഏതൊരു മനുഷ്യനും അടുക്കാൻ മടിക്കുന്ന സാഹചര്യങ്ങളിൽപ്പോലും നിസ്വാർത്ഥമായി സേവനം ചെയ്യുകയും ആരെന്നറിയാത്തവർക്കുവേണ്ടിപ്പോലും ജീവിതം മാറ്റിവയ്ക്കുകയുംചെയ്ത് രാവും പകലും അവർക്കൊപ്പമായിരിക്കുന്നവരിൽ ഏറിയപങ്കും കത്തോലിക്കാ സന്യസ്തരാണ്. കേവലം ഒരാളെ പരിരക്ഷിക്കാൻ കഴിയാത്ത കുടുംബങ്ങൾ പുറന്തള്ളിയ വൃദ്ധ മാതാപിതാക്കളും മാനസിക പ്രതിസന്ധികൾ ഉള്ളവരുമായ അനേകരെയാണ് ഒരേസമയം അവർ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നത്. വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങൾ മാത്രമാണ് ഇത്തരത്തിൽ സർക്കാരിനുള്ളത്. അതിൽ പലതും താൽക്കാലിക ഷെൽട്ടർ ഹോമുകളാണ്.
അഗതിമന്ദിരങ്ങൾക്കുള്ളിലെ കാഴ്ചകൾ കാണാതെപോകുന്ന സർക്കാർ
സേവനതല്പരതയും ശുശ്രൂഷാ മനോഭാവവുംകൊണ്ടുമാത്രം മുന്നിട്ടിറങ്ങി ഇത്തരം സേവനമേഖലകളിൽ സജീവമായിട്ടുള്ളവരാണ് ജീവിതംതന്നെ അതിനായി മാറ്റിവച്ച് അഗതിമന്ദിരങ്ങളിൽ സേവനം ചെയ്യുന്നവർ. സന്യാസസമൂഹങ്ങളും, സംഘടനകളും, രൂപതകളും അതിനായി ധാരാളം പണം ചെലവഴിച്ച് കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം നൂറുകണക്കിന് അന്തേവാസികൾ അധിവസിക്കുന്ന വലിയ ഭവനങ്ങൾ തന്നെ ഇത്തരത്തിൽ കേരളത്തിൽ പലതുണ്ട്. വിവിധ സേവന പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജോലിക്കാർ, ചികിത്സാ ചെലവുകൾ, മെയിന്റനൻസ്, മറ്റു ചെലവുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സ്ഥാപന നടത്തിപ്പുകാർ തന്നെ വലിയ തുക ഓരോ മാസവും കണ്ടെത്തേണ്ടതായുണ്ട്. ഇത്തരത്തിലുള്ള അന്തേവാസികളിൽ ഏറിയപങ്കും രോഗികളായിരിക്കും എന്നതിനാൽ ചികിത്സാ ചെലവ് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ വർഷം വരെ മോശമല്ലാത്ത ഒരു വിഭാഗത്തിന് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചിരുന്നതിനാൽ, ഓരോരുത്തരുടെയും ചികിത്സാ ചെലവുകൾക്ക് അതൊരു പിന്തുണയായിരുന്നു. എന്നാൽ, 2021 ജൂലായിൽ ഇറക്കിയ ഒരു ഉത്തരവ് പ്രകാരം, അഗതിമദിരങ്ങളിൽ ജീവിക്കുന്നവർക്ക് നൽകിയിരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തലാക്കി.
വിചിത്രമായ വിശദീകരണങ്ങൾ
അഗതിമന്ദിരങ്ങൾക്ക് ഗ്രാന്റ് ലഭിക്കുന്നുണ്ട് എന്നതിനാൽ, അവിടെ ജീവിക്കുന്നവർക്ക് പെൻഷൻ നൽകേണ്ടതില്ല എന്ന വിശദീകരണമാണ് സർക്കാർ നൽകിയത്. എന്നാൽ, 1800 സ്ഥാപനങ്ങളിൽ കേവലം 20 ശതമാനത്തിന് മാത്രമാണ് ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്നത് എന്നുള്ളതാണ് വാസ്തവം. അവർക്കുപോലും ലഭിച്ചിരുന്ന ഗ്രാന്റ് വളരെ അപര്യാപ്തമായ തുകയായിരുന്നു എന്നുള്ളത് മാത്രമല്ല, മാസങ്ങൾ കൂടുമ്പോൾ നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയാൽ മാത്രമാണ് പലർക്കും അത് ലഭിച്ചിരുന്നതും. അത്തരമൊരു നാമമാത്ര സാമ്പത്തികസഹായത്തിന്റെ പേരിലാണ് ആയിരക്കണക്കിന് പേർ ന്യായമായും അർഹിക്കുന്ന പെൻഷൻ നിർദാക്ഷിണ്യം നിർത്തലാക്കപ്പെട്ടത്. നിരവധി കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നെങ്കിലും ആ തീരുമാനം പുനഃപരിശോധിക്കാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല.
പെൻഷൻ നിർത്തലാക്കി ഒരു വർഷം പിന്നിടുന്നതിന് മുമ്പാണ്, അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും റേഷൻ നൽകേണ്ടതില്ല എന്ന നിലപാട് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരു അന്തേവാസിക്ക് പ്രതിമാസം 10. 5 കിലോ അരിയും 4.5 കിലോ ഗോതമ്പുമാണ് റേഷൻ പെർമിറ്റ് പ്രകാരം ലഭിച്ചിരുന്നത്. 2015 വരെ ഒരു രൂപയ്ക്ക് നൽകിയിരുന്ന അരിക്ക് പിന്നീട് 5.65 രൂപയായി. എങ്കിലും അഗതിമന്ദിരങ്ങളുടെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആ റേഷൻ നിർണ്ണായകമായ ഒരു പിൻബലമായിരുന്നു. വാസ്തവത്തിൽ ഒരുരൂപപോലും വിലയായി വാങ്ങാതെ ഉപാധിരഹിതമായി സർക്കാർ അനുവദിക്കേണ്ടിയിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഭക്ഷണവും പാർപ്പിടവും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളായിരിക്കെ. ദുർബല വിഭാഗങ്ങളോടുള്ള സര്ക്കാരിന്റെ ഇത്തരം ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചിലരുടെ കഠിനാധ്വാനംകൊണ്ടു മാത്രം പ്രവർത്തിച്ചുവരുന്ന നിരാശ്രയ ഭവനങ്ങളിൽ പലതും അന്തേവാസികൾക്ക് ഭക്ഷണം നല്കാനില്ല എന്ന കാരണത്താൽ പൂട്ടേണ്ടതായി വരാനിടയുണ്ട്. അത്തരത്തിൽ തെരുവിലേക്കിറങ്ങേണ്ടിവന്നേക്കാവുന്ന ആയിരങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കും?
അംഗീകരിക്കാനാവാത്ത നിലപാടുകൾ
സാമ്പത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കേണ്ടതുള്ളതിനാലാണ് ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്ന ന്യായീകരണം ബാലിശമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും തുടങ്ങിയ ഭരണ സംവിധാനം പുതിയ വാഹനങ്ങൾ വാങ്ങുന്നതും, മന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതും തുടങ്ങി ഒഴിവാക്കാമായിരുന്ന പലതിനും കൂടുതൽ പണം ചെലവഴിക്കുന്ന ഇതേകാലത്ത് തന്നെയാണ് വോട്ടുബാങ്ക് അല്ല എന്ന ഒറ്റക്കാരണത്താൽ ഒരു വലിയ വിഭാഗം നിരാശ്രയർ കുറ്റകരമായ രീതിയിൽ അവഗണിക്കപ്പെടുന്നതും. ഫലശൂന്യമായ ഇന്റർനാഷണൽ കോൺഫറൻസുകൾക്കും വിദേശ യാത്രകൾക്കും ഭരണ നേട്ടങ്ങളുടെ പരസ്യത്തിനും കോടികൾ ചെലവഴിക്കാൻ മടിക്കാത്ത സർക്കാർ ദരിദ്രരും രോഗികളുമായ കുറേപ്പേർ എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിനെ എങ്ങനെ ഉൾക്കൊള്ളാനാവും.
കേന്ദ്ര-കേരളസർക്കാരുകളുടെ നിയമനിർമ്മാണങ്ങളും നിലപാടുകളും ഒരിക്കലുംതന്നെ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് അനുകൂലമോ, അവരോട് അനുഭവം പുലർത്തുന്നതോ അല്ല. തികഞ്ഞ സുരക്ഷിത അന്തരീക്ഷത്തിൽ കുട്ടികളെ പരിപാലിച്ചിരുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ അടിച്ചേൽപ്പിക്കലിലൂടെ അവസാനിപ്പിക്കേണ്ടതായി വന്നത്. മികച്ചൊരു ഭവനാന്തരീക്ഷത്തിൽ വളർന്നിരുന്ന കുഞ്ഞുങ്ങളിൽ അനേകർ കേവലം “സ്ഥാപനങ്ങളിലെ” അന്തേവാസികളായിമാറി. അവർക്കുണ്ടായിരുന്ന അമ്മമാർ നഷ്ടപ്പെട്ട് നിശ്ചിത ഡ്യൂട്ടി ടൈം പാലിക്കുന്ന ആയമാർ ആ സ്ഥാനത്തെത്തി. നിയമങ്ങളിലൂടെയും നയംമാറ്റങ്ങളിലൂടെയും നഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്നുള്ള നിരീക്ഷണം ഈ കാലഘട്ടത്തിൽ ഭരണകൂടങ്ങൾക്ക് ആവശ്യമാണ്. നഷ്ടങ്ങൾ പൊതുസമൂഹത്തിന്റെയാണ് എന്ന തിരിച്ചറിവ് ഒരുപക്ഷെ മാറ്റങ്ങൾക്ക് കാരണമായേക്കാം.
അഭയമേകുന്നവർക്ക് അഭയമാകാൻ സർക്കാർ മടിക്കേണ്ടതില്ല
ക്രൈസ്തവ സന്യസ്തരും കത്തോലിക്കാ സഭയും നൂറ്റാണ്ടുകളായി നടത്തിവരുന്ന ഈ സേവനപ്രവൃത്തിയുടെ മാതൃക ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിവിധ ലോകരാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും വഴി അഭയം ലഭിച്ചിട്ടുള്ളവരും മനുഷ്യോചിതമായി സമാധാനത്തോടെ മരിക്കാൻ കഴിഞ്ഞിട്ടുള്ളവരും തെറ്റുകൾ തിരുത്തി നന്മയിലേക്ക് കടന്നുവന്നിട്ടുള്ളവരും രോഗവിമുക്തിനേടിയിട്ടുള്ളവരും എണ്ണമറ്റ സംഖ്യയുണ്ട്. അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽ സർക്കാരുകളെ ഇത്രമാത്രം പിന്തുണയ്ക്കുന്ന മറ്റൊരു സമൂഹമുണ്ടാവില്ല. അതിനുതക്ക പിന്തുണ അവർക്കും ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്ന് ഭരണാധികാരികൾ തിരിച്ചറിയണം.
സ്ഥാപനങ്ങളുടെയോ, സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളുടെയോ അല്ല, അവിടങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന കുറേയേറെപ്പേരുടെ ഭാവിയാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. നിസ്സാരവും ഭരണഘടനാവിരുദ്ധവുമായ ന്യായീകരണങ്ങൾ നിരത്തി അപക്വമായ തീരുമാനങ്ങൾ പതിവായി സ്വീകരിച്ച് അനേകരെ ആശങ്കയിലാഴ്ത്തുന്ന ശൈലി സർക്കാർ ഉപേക്ഷിക്കുകതന്നെ വേണം. യഥാർത്ഥത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടവരെ തിരിച്ചറിഞ്ഞ് നയങ്ങൾ തിരുത്താൻ തയ്യാറാകണം. കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്ക് പോലും അഭയവും ആശ്രയവും ഒരുക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കേരള സർക്കാർ, ദുർബലരും നിരാലംബരുമായ പാവങ്ങളെ ദ്രോഹിക്കുന്ന, ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത നയങ്ങളിൽനിന്നും നിലപാടുകളിൽ നിന്നും അടിയന്തരമായി പിന്മാറുക തന്നെ ചെയ്യണം.
KCBC Jagratha Commission
Christian Association and Alliance for Social Action